
തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കളായ പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്യലഹരിയിൽ അതിക്രമം നടത്തിയ തിരുവനന്തപുരം ക്രൈം റെക്കോർഡ്സ് ബ്യൂറോ സി.ഐ യഹിയയെ സസ്പെൻഡ് ചെയ്തു.
വെള്ളിയാഴ്ച ചുള്ളിമാനൂരിൽ നിന്ന് ആയുധങ്ങളുമായി അക്രമത്തിന് ഒരുങ്ങിയെന്ന കേസിൽ നാല് യുവാക്കളെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ രണ്ട് പേർ തന്റെ ബന്ധുക്കളാണെന്ന് ചൂണ്ടിക്കാട്ടി അവരെ വിട്ടയക്കണമെന്ന ആവശ്യവുമായി യഹിയ സ്റ്റേഷനിലെത്തി. എന്നാൽ പൊലീസ് ആവശ്യം നിരസിച്ചതോടെ ഇയാൾ ബലമായി സെല്ലിനുള്ളിലേക്ക് കടന്ന് തറയിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.
സംഭവസമയത്ത് യഹിയ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് സ്റ്റേഷനിൽ ബഹളം സൃഷ്ടിച്ചതിനുമാണ് യഹിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം റൂറൽ എസ്.പി നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് യഹിയയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
അതേസമയം, യഹിയയ്‌ക്കെതിരെ മുമ്പും അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.











